കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം (Green Protocol) കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പ്രിന്റിങ് പ്രസ്സുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.അച്ചടിക്കായി ഇറക്കുമതി ചെയ്ത 220 മീറ്റർ നിരോധിത പ്രിന്റിങ് സാമഗ്രികളാണ് ജില്ലാ പ്രത്യേക സംഘം പിടിച്ചെടുത്തത്.
ഏഴ് സ്ഥാപനങ്ങളിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച ഈ സ്ഥാപന ഉടമകൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറുകയും, ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം പിഴ ചുമത്താൻ നിർദേശിക്കുകയും ചെയ്തു.
തദ്ദേശ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ഒ. ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു ജയറാം, ഇ.പി. ഷൈലേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.










