തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾക്കെതിരെ പ്രതിഷേധിക്കുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ കടുത്ത മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ നടത്തുന്ന പ്രവർത്തനങ്ങൾ ഗുണ്ടായിസമാണെന്നും, ആക്രമണം അല്ലെങ്കിൽ യാത്ര തടയൽ തുടരുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഓൺലൈൻ ടാക്സി സർവീസുകളായ ഊബർ, ഓല തുടങ്ങിയവയ്ക്കെതിരെ പരമ്പരാഗത ടാക്സി ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധം ശക്തമായിരുന്നു. ആദ്യം ഓൺലൈൻ ടാക്സിക്കാർക്ക് അനുകൂലമായ നിലപാട് പ്രകടിപ്പിച്ചിരുന്ന മന്ത്രി പിന്നീട് നിലപാട് മാറ്റിയത് വിഷയത്തെ കൂടുതൽ വഷളാക്കി എന്നാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പറയുന്നത്.
“ഓൺലൈൻ ടാക്സികളോട് വൈരമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ല. കൈയാങ്കളിയോ യാത്ര തടയലോ ചെയ്താൽ കർശന നടപടി സ്വീകരിക്കും, ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചാൽ ബന്ധപ്പെട്ട ഡ്രൈവർമാരുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.



