മുംബൈ: ഐപിഎൽ മത്സരങ്ങൾക്കിടെ താരങ്ങൾ കാമുകിമാരെ കൂടെക്കൂട്ടുന്ന പതിവ് അവസാനിപ്പിക്കാൻ ബിസിസിഐ. വിവിധ ടീമുകളിൽ കളിക്കുന്ന ഇന്ത്യൻ, വിദേശ താരങ്ങൾ ഭാര്യമാരെയും കാമുകിമാരേയും ടീം ബസിലും ഹോട്ടലിലും ഒപ്പം കൂട്ടുന്ന രീതി രീതിയാണ് അവസാനിപ്പിക്കാ്‍ പോകുന്നത്. ചില താരങ്ങൾ കാമുകിമാരെ ടീം ഹോട്ടലുകളിൽ ഒപ്പം താമസിപ്പിക്കുന്നതിൽ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണു വിവരം. മുംബൈ ഇന്ത്യൻസ് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കാമുകിയായ മഹിക ശർമയ്ക്കൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നതിനെ മുംബൈ ആരാധകർ തന്നെ ചോദ്യം ചെയ്തിരുന്നു. മുംബൈ തുടർച്ചയായി തോൽവികൾ ഏറ്റുവാങ്ങിയതോടെ വിമർശനം കനത്തു.
യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, അർഷ്ദീപ് സിങ് എന്നിവരും ഇത്തരത്തിൽ കൊണ്ടുവരുന്നുണ്ട്. ഒപ്പം താരങ്ങളുടെ പങ്കാളികളിൽ ചിലർ സമൂഹമാധ്യമങ്ങളിലെ ‘ഇൻഫ്ലുവൻസർ’ ഇമേജ് വർധിപ്പിക്കാൻ ഈ സാഹചര്യം ഉപയോഗിക്കുന്നതായും ഇവർക്ക് വേണ്ടി ടീം ബസുകൾ കാത്തുനിൽക്കുന്ന അവസ്ഥ വരെ ഉണ്ടാകുന്നുണ്ടെന്നും ബിസിസിഐയിലെ ഒരു വിഭാഗം വിലയിരുത്തുന്നു. താരങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന യുവതികളിൽ പലരും മുൻപ് ബെറ്റിങ് ആപ്പുകളുമായി സഹകരിച്ചവരാണ് എന്നതും ബിസിസിഐയെ ചൊടിപ്പിക്കുന്നുണ്ട്.






