തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘ബീഫ്’ എന്ന സ്പാനിഷ് ചിത്രത്തിന് കേന്ദ്ര പ്രക്ഷേപണമന്ത്രാലയം അനുമതി നിഷേധിച്ചത് പേരുമാത്രം കണ്ടിട്ടെന്ന് ആക്ഷേപം. ഇന്ത്യയിൽ വിവാദവിഷയമായ ബീഫ് നിരോധനവുമായി യാതൊരു ബന്ധവും ചിത്രത്തിനില്ലെന്ന് സിനിമാപ്രേമികൾ പറയുന്നു. സംഗീതലോകത്ത് വളർച്ചയാഗ്രഹിക്കുന്ന പെൺകുട്ടിയും യാഥാസ്ഥിതികയായ അമ്മയും തമ്മിലുള്ള സാംസ്‌കാരിക, വൈയക്തിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ബാറ്റിൽഷിപ്പ് പൊട്ടംകിൻ’ അടക്കമുള്ള ചിത്രങ്ങൾക്ക് പ്രദർശാനുമതി നിഷേധിച്ചത് അറിവുകേടുകൊണ്ടാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമാചരിത്രത്തിലെത്തന്നെ പ്രധാന ചിത്രമാണിത്. ‘ബീഫ്’ എന്ന സിനിമ പശുഇറച്ചി ഭക്ഷിക്കുന്നതിനെക്കുറിച്ചല്ല. അതൊരു പ്രയോഗമാണ്. പേരുകണ്ട് വിറളിപിടിക്കേണ്ട ആവശ്യമില്ലെന്നും അടൂർ പറഞ്ഞു.
19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. സിനിമാസംബന്ധമായ പ്രാഥമിക ധാരണയുള്ളർക്ക് കേന്ദ്രത്തിന്റെ പ്രവൃത്തി ഭ്രാന്തവും അധിക്ഷേപാർഹവുമാണെന്ന് മനസ്സിലാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.






