വാൻകൂവർ: ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൽജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക്.
മത്സരത്തിൽ 28-ാം മിനിറ്റിലും 50-ാം മിനിറ്റിലും ലിയാൻഡ്രോ ട്രോസാർഡ് നേടിയ ഇരട്ടഗോളുകളാണ് ബെൽജിയത്തിന് മുന്നേറ്റം നൽകിയത്. തുടർന്ന് കെവിൻ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു, അലക്സിസ് സെലെമേക്കേഴ്സ് എന്നിവരും ഗോൾ നേടിയതോടെ ബെൽജിയത്തിന്റെ വിജയം അനായാസമായി.
മറ്റൊരു മത്സരത്തിൽ ഈജിപ്തിനോടുള്ള സമനിലയാണ് ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. മഹ്മൂദ് സാബറിലൂടെ അഞ്ചാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തിയെങ്കിലും 14-ാം മിനിറ്റിൽ റാമിൻ റസയാനിലൂടെ ഇറാൻ ഗോൾ മടക്കി. തുടർന്ന് ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതും ഇറാന് വലിയ തിരിച്ചടിയായി.
അവസാന നിമിഷങ്ങളിൽ ഖലീൽസാദെഹ് നേടിയ ഗോൾ ഓഫ്‌സൈഡ് ആയതും, അവസാന സെക്കൻഡുകളിൽ ഹെഡർ ശ്രമം ക്രോസ് ബാറിൽ തട്ടിപ്പോയതും ഇറാന്റെ പ്രതീക്ഷകൾക്ക് തടസ്സമായി.
നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ജയവും നേടാനായിട്ടില്ലാത്ത ഇറാൻ, മികച്ച മൂന്നാം സ്ഥാനക്കാരിൽ ഉൾപ്പെടുന്ന യോഗ്യതയ്ക്ക് കാത്തിരിക്കുകയാണ്. ഗ്രൂപ്പിൽ ആറാം സ്ഥാനത്താണ് ഇറാൻ. മറ്റ് ഗ്രൂപ്പ് മത്സരഫലങ്ങളാണ് അവരുടെ നോക്കൗട്ട് പ്രവേശനം തീരുമാനിക്കുക.






