ഇടുക്കി: ഡിസിസി മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്.
വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. വഖഫ് വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
2004 മുതൽ 2014 വരെ കോൺഗ്രസ്സ് രാജ്യം ഭരിച്ചപ്പോൾ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, പല രംഗത്തും അഴിമതിയുമാണ് ഉണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷം സംസ്ഥാനത്ത് സിപിഎമ്മിനെ ജനം വിശ്വസിച്ചു. ഇപ്പോൾ കടം വാങ്ങാതെ സമാധാനത്തോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായിയ തൊഴിലില്ലായ്മ കൂടി. മലയോര ജനതയെ സംസ്ഥാന സർക്കാർ ശത്രുക്കളായാണ് കാണുന്നത്. ആർക്ക് വേണ്ടിയാണ് ഇപ്പോൾ വാർഷികാഘോഷം നടത്തുന്നതെന്നും രാജീവ് ചോദിച്ചു.






