ധനകാര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി പുതിയ ആദായനികുതി ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 1961-ലെ പഴയ നിയമത്തിന് പകരം കൊണ്ടുവന്ന ‘ആദായനികുതി നിയമം 2025’ എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ ചട്ടങ്ങള്‍. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ നികുതി സംവിധാനത്തെ മാറ്റിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ഇന്ത്യയില്‍ കെട്ടിടമോ ഓഫീസോ ഇല്ലാത്ത വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും ഇനി മുതൽ നികുതി നല്‍കേണ്ടി വരും. ഒരു വിദേശ ആപ്പോ വെബ്സൈറ്റോ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് 2 കോടി രൂപയില്‍ കൂടുതല്‍ വരുമാനം നേടുകയോ അല്ലെങ്കില്‍ ഇന്ത്യയില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ടാവുകയോ ചെയ്താല്‍ അവര്‍ ഇന്ത്യയില്‍ നികുതി പരിധിയില്‍ വരും. വിദേശ കമ്പനികളുടെയോ വ്യക്തികളുടെയോ വരുമാനം കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, അത് കണക്കാക്കാന്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അധികാരം നൽകും. ഓഹരി വിപണിയിലെ ഇടപാടുകള്‍ ഇനി കൂടുതല്‍ സുതാര്യമാക്കും. ഇന്ത്യയിലെ ആസ്തികളുമായി ബന്ധപ്പെട്ട ഓഹരികള്‍ വിദേശത്ത് വെച്ച് കൈമാറ്റം ചെയ്യപ്പെട്ടാല്‍ അതില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിക്കേണ്ട നികുതി കണക്കാക്കാന്‍ പുതിയ ഫോര്‍മുല കൊണ്ടുവരും.
ഓഹരികളുടെ വിപണി മൂല്യം കണക്കാക്കുന്നതിന് കൃത്യമായ നിയമങ്ങള്‍ കൊണ്ട് വരും. ജീവനക്കാര്‍ക്ക് കമ്പനി നല്കുന്ന ആനുകൂല്യങ്ങളുടെ നികുതി കണക്കാക്കുന്ന രീതിയില്‍ മാറ്റം വരും.ജീവനക്കാര്‍ക്ക് കമ്പനി കുറഞ്ഞ പലിശയ്ക്കോ പലിശയില്ലാതെയോ വായ്പ നല്കുന്നുണ്ടെങ്കില്, അത് ജീവനക്കാരന്റെ വരുമാനമായി കണക്കാക്കപ്പെടും. കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കുന്ന ഓഹരികളുടെ മൂല്യം കണക്കാക്കുന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തി .നികുതിയില്ലാത്ത വരുമാനം നേടാനായി നടത്തുന്ന ചെലവുകള്‍ക്ക് പുതിയ രീതിയില്‍ കണക്കാക്കും . സീറോ കൂപ്പണ്‍ ബോണ്ടുകള്‍ ഇറക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏർപ്പെടുത്തും. ഇവയാണ് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 10 പ്രധാനപ്പെട്ട മാറ്റങ്ങൾ .




