കോഴിക്കോട്: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ബ്ലെസ്ലിയെ ഓൺലൈൻ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. ഓൺലൈൻ വഴിയുള്ള തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയായി മാറ്റി വിദേശത്തേക്ക് കൈമാറിയെന്ന കേസിലാണ് നടപടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ബ്ലെസ്ലിയെ പിടികൂടിയത്.
കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് നിരവധി പേർ പ്രതികളായിട്ടുണ്ടെന്നും, ഇതിൽ എട്ട് പേർ ഇതിനകം വിദേശത്തേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൈം ബ്രാഞ്ച് മുമ്പ് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പ്രതികൾ നിലവിൽ ജയിലിലാണ്.
വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോടഞ്ചേരി, താമരശ്ശേരി മേഖലകളിലും സമാനമായ തട്ടിപ്പ് കേസുകൾ നടന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ജൂൺ മാസത്തിലാണ് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.






