പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ ഇവ എണ്ണിത്തീരും. വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും.
സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ജെഡിയുവിൻ്റെ ട്വീറ്റ്. മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
പ്രതിപക്ഷസ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും 12 മണിയോടെ ബിജെപിയുടെ ഡൽഹി, പട്ന ആസ്ഥാനങ്ങൾ ആഘോഷത്തിമിർപ്പിലാകുമെന്നും നേതാക്കൾ പറയുന്നു. എന്നാൽ മഹാസഖ്യത്തിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്നാണ് പപ്പു യാദവിൻ്റെ പ്രതികരണം. എൻഡിഎയ്ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നും എംപി പ്രതികരിച്ചു.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻ ഡി എ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആർ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെടുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.






