ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിൽ ഗുരുതര അനാസ്ഥ. ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം ഡിറ്റർജന്റ് നൽകിയതിനെ തുടർന്ന് 40ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. നളന്ദയിലെ പാരാസി മിഡിൽ സ്കൂളിലാണ് സംഭവം.
ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരിൽ 17 പേർ പെൺകുട്ടികളാണ്. നിലവിൽ വിദ്യാർഥികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്.
എൻജിഒ വഴിയാണ് സ്കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങും അടങ്ങിയ കറിയുമാണ് ഭക്ഷണമായി നൽകിയത്. സോയാബീൻ കറിയിൽ ഉപ്പ് കുറവായതിനാൽ കുട്ടികൾ പാചകക്കാരനോട് ഉപ്പ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉപ്പാണെന്ന് കരുതി പാചകക്കാരൻ ഡിറ്റർജന്റ് നൽകുകയായിരുന്നുവെന്നാണ് സ്കൂൾ പ്രധാനാധ്യാപകൻ ശൈലേന്ദ്ര കുമാർ സിങ് പറയുന്നത്.
നൂർസരായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വാർത്ത പുറത്തുവന്നതോടെ ആശങ്കയിലായ രക്ഷിതാക്കൾ ആശുപത്രിയിൽ എത്തി. സംഭവമറിഞ്ഞ് ബിഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
സ്കൂളിൽ ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് ഡിറ്റർജന്റ് എങ്ങനെ എത്തിയെന്നതടക്കം അധികൃതർ പരിശോധിക്കുന്നുണ്ട്. സ്കൂളിലേക്കുള്ള ഭക്ഷണവിതരണ സംവിധാനവും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.











