ഇടുക്കി: ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്‌ഐ നേതാവടക്കം നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം മേഖല സെക്രട്ടറി, ബ്ലോക്ക് കമ്മിറ്റി അംഗം ടി.എം. ഷിയാസ്, ആഷിഖ്, നിഹാൻ, ആർഷിത് എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടവെട്ടിയിൽ ലഹരിക്കടത്തിനിടെയാണ് നാലുപേരും പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിച്ച സംഘത്തിന്റെ പക്കൽനിന്ന് 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
ലഹരിക്കെതിരെ സജീവമായി പ്രചാരണം നടത്തിയിരുന്നയാളാണ് ഷിയാസ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായി വിവരമുണ്ട്. ഡീ-അഡിക്ഷൻ സെന്ററിലെ ചികിത്സയ്ക്ക് ശേഷം പാർട്ടി പ്രവർത്തനത്തിൽ വീണ്ടും സജീവമായിരുന്നു.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.











