ഇടുക്കി: അടിമാലിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.
കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികളെന്നാണ് പൊലീസ് പറയുന്നത്. മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്.
ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിനെ പുറത്തെത്തിക്കാന്‍ സാധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളേടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൂമ്പന്‍പാറ ലക്ഷം വീട് ഉന്നതിയെ, ഏതാണ്ട് പൂര്‍ണമായി തുടച്ചുനീക്കിയ മണ്ണിടിച്ചില്‍. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ദേശീയപാതയോരത്ത് ഉള്ള കൂറ്റന്‍ കുന്ന് അടര്‍ന്ന് താഴെക്ക് പതിക്കുകയായിരുന്നു.
ബിജുവിന്റെതുള്‍പ്പെടെ ആറ് വീടുകള്‍ മണ്ണിനടിയിലായി. മണ്ണിടിച്ചില്‍ സാധ്യത കണ്ട് ഉന്നതിയിലെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു.
ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മാറ്റി പാര്‍പ്പിച്ച ശേഷം വീട്ടിലേക്ക് തിരികെ എത്തിയ ബിജുവും സന്ധ്യയുമാണ് അപകടത്തില്‍പ്പെട്ടത്.
വീടിന്റെ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ഇരുവര്‍ക്കുമായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം. പുലര്‍ച്ചെ മൂന്നരയോടെ സന്ധിയെ ജീവനോടെ പുറത്തെടുത്തു.
രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണ്. പുലര്‍ച്ചെ നാലരയോടെയാണ് ബിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.




