കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടികൾ ശക്തമാക്കി. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് രോഗം കണ്ടെത്തിയത്. പരിശോധനയിൽ ഏവിയൻ ഇൻഫ്ലുവൻസ (എച്ച്5 എൻ1) വൈറസാണ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഇതിനെ തുടർന്ന് രോഗബാധിത പ്രദേശങ്ങളിൽ അടിയന്തര നടപടികൾ ആരംഭിച്ചു.
രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികളും മറ്റ് പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമസേനയെ വിന്യസിച്ചു. മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ല. എങ്കിലും മുൻകരുതൽ ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ചത്ത പക്ഷികളെയോ രോഗലക്ഷണങ്ങളുള്ള കോഴികളെയോ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് വൈകിട്ട് കലക്ട്രേറ്റിൽ അവലോകന യോഗം ചേരും.






