കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച വില്ലണിയിലെ കോഴിഫാമിൽ ശാസ്ത്രീയമായി കോഴികളെ കൊന്നൊടുക്കൽ (കള്ളിങ് ) നടത്തി. മൃഗസംരക്ഷണവകുപ്പ്, റവന്യൂ, കൃഷി, ഫോറസ്റ്റ്, പോലീസ്, അഗ്നിരക്ഷാസേന വകുപ്പുകളുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം ആണ് കള്ളിങ് നടത്തിയത്.
ഇവിടുത്തെ ഫാമിലെ ഇരുപതു ദിവസത്തോളം പ്രായമായ രണ്ടായിരത്തിഞ്ഞൂറ് കോഴികളെയും ഫാമിനോട് ചേർന്ന ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ വളർത്തിയ കോഴികൾ അടക്കമുള്ള പക്ഷികളെയും നശിപ്പിച്ചു. കാഞ്ഞിരപ്പള്ളി വില്ലണി പ്രദേശത്ത് മുപ്പത്തിമൂന്ന് എണ്ണത്തിനെയും സമീപ പഞ്ചായത്തായ തിടനാട് ഒൻപതാം വാർഡിൽ പത്തൊൻപത് എണ്ണത്തിനെയുമാണ് കൊന്നൊടുക്കിയത്.
ഈ കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യമായി കോഴിഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ കോഴികൾ ചത്തുവീണതോടെ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച പക്ഷിപ്പനി കണ്ടെത്തിയത്. രണ്ടേക്കർ സ്ഥലത്താണ് ഫാം സ്ഥിതിചെയ്യുന്നത്. നിലവിൽ രോഗവ്യാപനത്തിനുള്ള സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.










