ജയ്പൂർ: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. ഡിഡ്‌വാന- കുചാമൻ ജില്ലയിലെ പർബത്‌സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാഷ് ചന്ദിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്.
സംസ്ഥാനത്ത് ഭരണത്തിലുള്ള ബിജെപിയുടെ സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത് പാർട്ടിക്ക് തിരിച്ചടിയായി. വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹിന ഖാനം വിജയിച്ചു. ഹിന ഖാനത്തിന് 376 വോട്ടും സ്വതന്ത്ര സ്ഥാനാർഥി റാഷിദ് ഖാന് 195 വോട്ടും ലഭിച്ചു.
12-ാം വാർഡിൽ നിന്നുള്ള തന്നെ ബിജെപി 13-ാം വാർഡിൽ മത്സരിപ്പിക്കുകയായിരുന്നുവെന്ന് കൈലാഷ് ചന്ദ് പറഞ്ഞു. തന്റെ വോട്ട് 12-ാം വാർഡിലായിരുന്നെന്നും അതിനാൽ തനിക്ക് ലഭിച്ച ഏക വോട്ട് ആരുടേതാണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 25 വാർഡുകളുള്ള പർബത്‌സർ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് 13 വാർഡുകളും ബിജെപി 12 വാർഡുകളും നേടി.
അതേസമയം, രാജസ്ഥാനിലെ 309 തദ്ദേശ സ്ഥാപനങ്ങളിലെ 10,245 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 4,023 വാർഡുകളിലും കോൺഗ്രസ് 3,438 വാർഡുകളിലും വിജയിച്ചു.
കോട്ട, ജയ്പൂർ, ഉദയ്പൂർ കോർപറേഷനുകളിൽ ബിജെപി ഭരണം നേടിയപ്പോൾ അജ്മിർ, ബിക്കാനീർ കോർപറേഷനുകളിൽ കോൺഗ്രസ് മുന്നിലെത്തി. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും കോൺഗ്രസിനും നിർണായകമാണ്.



