ഭോപ്പാൽ: മധ്യപ്രദേശിലെ കട്നിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി കട്നി പിച്ചഡ മോർച്ച മണ്ഡൽ പ്രസിഡന്റായ നീലു രാജക് ആണ് മരിച്ചത്. മോട്ടോർസൈക്കിളിൽ എത്തിയ രണ്ടുപേർ രാജകിന് നേരെ വെടിയുതിർക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വെടിയേറ്റ രാജ്ക് റോഡിൽ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതികളായി പ്രിൻസ് , അക്രം ഖാൻ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് പിന്നാലെ രാജകിന്റെ കുടുംബാംഗങ്ങളും അനുയായികളും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധം നടത്തി. പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നതായി കട്നി എസ്പി അഭിനയ് വിശ്വകർമ്മ അറിയിച്ചു.


