തൃശ്ശൂർ : പുന്നയൂർ കിഴക്കേ ചെറായിയിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ വൃദ്ധർക്കും കുട്ടികൾക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധപ്രകടനം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. ഇന്ന് വൈകിട്ട് 4.30ന് കിഴക്കേ ചെറായിയിൽ നിന്നും കൊഴപ്പമാടത്തേക്ക് പ്രതിഷേധപ്രകടനം നടക്കും.
സിപിഎം നേടിയ വിജയത്തിന്റെ പേരിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി, സ്ത്രീകളെയും കുട്ടികളെയും പോലും അക്രമിക്കാൻ സിപിഎം തയ്യാറായതെന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവരെ ഇന്നലെ നേരിട്ടെത്തി സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.



