കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഗ്യാനേഷ് കുമാർ അന്ന് ജൂനിയർ ഉദ്യോഗസ്ഥനായിരുന്നുവെന്നും അന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് കമ്മീഷണറും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്യാൻ കോൺഗ്രസിന് എന്ത് അവകാശമാണുള്ളതെന്നും അനൂപ് ആന്റണി ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങളെയും അനൂപ് ആന്റണി വിമർശിച്ചു. എസ്.ഐ.ആർ വിഷയത്തിൽ രാഹുൽ ഗാന്ധി പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ കോൺഗ്രസ് അംഗീകരിക്കുമോയെന്നും രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞ നിലപാട് തിരുത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
ജിജി തോംസന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ബിജെപി തള്ളിക്കളഞ്ഞു. പാമോലിൻ കേസിലെ പ്രതിയായിരുന്നു ജിജി തോംസണെന്നും അദ്ദേഹത്തിനെതിരായ കേസ് ഇല്ലാതാക്കിയതും പിന്നീട് ചീഫ് സെക്രട്ടറിയാക്കിയതും യുഡിഎഫ് സർക്കാരാണെന്നും ബിജെപി ആരോപിച്ചു.
ഗ്യാനേഷ് കുമാറും ജിജി തോംസണും വിമാനത്തിൽ സംസാരിച്ചുവെന്നതിന് തെളിവില്ലെന്നും അനൂപ് ആന്റണി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല.












