കോഴിക്കോട്: കോൺഗ്രസ് നേതാക്കൾക്കെതിരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വയനാട് എംപി പ്രിയങ്കാ ഗാന്ധിക്കുമെതിരെയാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് യുവമോർച്ചയുടെ പ്രതിഷേധം. അമിത് ഷായുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് ബിജെപി ആരോപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കുറ്റ്യാടിക്കടുത്ത് ജാനകിക്കാട്ടിൽ വെച്ചാണ് രമേശ് ചെന്നിത്തലയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ഇടുങ്ങിയ റോഡിൽ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പാഞ്ഞെത്തിയ പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു. തുടർന്ന് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിരുവമ്പാടിയിലെ തമ്പലമണ്ണയ്ക്ക് സമീപമാണ് പ്രിയങ്കാ ഗാന്ധിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെയും കേരള പൊലീസിന്റെയും സുരക്ഷയിൽ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് റോഡരികിൽ നിലയുറപ്പിച്ചിരുന്ന പ്രവർത്തകർ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയെത്തി കരിങ്കൊടി വീശിയത്.
യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. ശ്രീഹരിയുടെയും ജനറൽ സെക്രട്ടറി നിതിൻ മധുസൂദനന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇരുവരെയും തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് യുവമോർച്ചയുടെ തീരുമാനം. നേരത്തെ കൊല്ലത്ത് മന്ത്രി കെ. മുരളീധരനെതിരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.


