ചെന്നൈ: തമിഴ്നാട്ടിലെ തുടർച്ചയായ വൈദ്യുതി മുടക്കിനെതിരെ സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ സംസ്ഥാന മന്ത്രിമാർക്കും വൈദ്യുതി മുടക്കം നേരിടേണ്ടി വരുന്നതായി സ്റ്റാലിൻ പരിഹസിച്ചു.
തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം മുഖ്യമന്ത്രി സന്ദർശിച്ചതിനെയും സ്റ്റാലിൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിമർശിച്ചു. സാധാരണ ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്നും മന്ത്രിമാർക്ക് പോലും പരിപാടികൾക്കിടെ പവർകട്ട് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധുരയിൽ നിയമമന്ത്രി ആർ. നിർമൽ കുമാർ പങ്കെടുത്ത പരിപാടിക്കിടെയും തഞ്ചാവൂരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥൻ സംസാരിക്കുന്നതിനിടെയും വൈദ്യുതി മുടങ്ങിയതായി സ്റ്റാലിൻ ആരോപിച്ചു.
മന്ത്രിമാരായ കെ. എ. സെങ്കോട്ടയ്യൻ, ആദവ് അർജുന, വി. ഗാന്ധിരാജ് എന്നിവർ പങ്കെടുത്ത പരിപാടികളിലും വൈദ്യുതി മുടക്കം ഉണ്ടായതായി മാധ്യമ റിപ്പോർട്ടുകളുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാർത്തകളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പ്രചാരണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു.




