പട്ന : ബിഹാറില്‍ വീടിനുള്ളില്‍ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അജ്ഞലി കുമാരി (15) അന്‍ഷുല്‍ കുമാര്‍ (10) എന്നിവരെയാണ് മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ കിടന്ന കിടക്ക പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നുമാണ് മാതാവ് പറഞ്ഞത്.
സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. അവരുമായി വളരെ അടുപ്പമുള്ള ആരെങ്കിലും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നും പുറത്തുനിന്നുള്ള ഒരാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ സമീപത്തുള്ള ആരെങ്കിലും ഇത് കാണുമായിരുന്നുവെന്നും പട്ന സിറ്റി എസ്പി വെസ്റ്റ് ഭാനു പ്രതാപ് സിംഗ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.






