ഇലോൺ മസ്കിന്റെ കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഔദ്യോഗികമായി അനുവദിച്ചു. കൂടാതെ സ്പെക്ട്രം അനുവദിക്കുന്നതിനുള്ള നയ ചട്ടക്കൂടിനും ടെലികോം മന്ത്രാലയം അന്തിമരൂപം നൽകി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് സ്റ്റാർലിങ്കിന് ഏകീകൃത ലൈസൻസ് നൽകിയിട്ടുണ്ട് എന്നും സേവനം ആരംഭിക്കുന്നതിൽ ഒരു തടസവുമില്ലാത്തവിധം സ്പെക്ട്രം അനുവദിക്കലിനും ഗേറ്റ്വേ നിർമ്മാണത്തിനുമായി നയ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട് എന്നും സിന്ധ്യ വ്യക്തമാക്കി.
ജൂലൈയിൽ തന്നെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നൽകിയിരുന്നു. 2021-ൽ ആണ് സ്റ്റാർലിങ്ക് ആദ്യമായി അനുമതികൾക്കായി ഇന്ത്യയില്‍ അപേക്ഷിച്ചത്. എങ്കിലും, സ്പെക്ട്രം അനുവദിക്കുന്നതിലും നിയന്ത്രണ അംഗീകാരങ്ങളിലും കാലതാമസം നേരിട്ടു. കേന്ദ്ര സര്‍ക്കാരുമായി മാസങ്ങളായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ അനുമതി ലഭിച്ചത്.




