തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കേരള പി.എസ്.സി കൈമാറി. ഇന്നലെ വൈകിട്ടാണ് രേഖകൾ അന്വേഷണ സംഘത്തിന് നൽകിയത്. ചോദ്യപേപ്പർ, ഉത്തരസൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്‌ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പരീക്ഷയിലെ 10 ചോദ്യങ്ങൾ വിലയിരുത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെന്ന ആരോപണവും ഒരു ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതും വലിയ വിവാദമായിരുന്നു.
ഇതിനിടെ, നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏഴ് ദിവസത്തിനകം ഉദ്യോഗാർഥികൾക്ക് നൽകണമെന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, മാർക്കും അഭിമുഖ വിവരങ്ങളും ഇപ്പോൾ നൽകാനാകില്ലെന്നാണ് പി.എസ്.സി പരാതിക്കാരന് നൽകിയ മറുപടി. കൂടാതെ രേഖകൾ കൈമാറാൻ നിർദേശിച്ച വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.


