കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അവസാനഘട്ടത്തിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ. അധികൃതരുടെ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നാണ് വിവരം.
ഇതിന്റ ഭാഗമായി ഈ മാസം ആദ്യം ഇ.ഡി. ഉദ്യോഗസ്ഥർ കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിൽ പരിശോധന നടത്തിയിരുന്നു. പിണറായി–പാറപ്രം റോഡിൽ വീണാ വിജയന്റെ പേരിലുള്ളതായി കരുതുന്ന 80 സെന്റ് സ്ഥലവും പാതിരിയാട് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് സമീപമുള്ള മറ്റൊരു സ്ഥലവും സംഘം പരിശോധിച്ചു. ഈ ഭൂമികളും വീണയുടെ പേരിലുള്ളതാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന് മുമ്പ് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ടുകളിൽ ഒന്നിലെ ഏകദേശം 1.5 ലക്ഷം രൂപ ഇ.ഡി. മരവിപ്പിച്ചിരുന്നു.
2019 ജനുവരിയിൽ സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു. ഇതിൽ എക്സാലോജിക് കമ്പനിക്ക് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ നൽകിയതായി പറയുന്ന 2.78 കോടി രൂപയുടെ പണമിടപാടും ഉൾപ്പെട്ടിരുന്നു.
അതേസമയം, കേസിലെ അന്വേഷണം വേഗത്തിലാക്കാനും ആവശ്യമായ കർശന നടപടികളിലേക്ക് നീങ്ങാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദക്ഷിണമേഖലാ മേധാവിയും സ്പെഷ്യൽ ഡയറക്ടറുമായ പ്രശാന്ത് കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. കേരളത്തിലെ അവയവക്കച്ചവട കേസിലും മുഖംനോക്കാതെയുള്ള അന്വേഷണം ഉറപ്പാക്കണമെന്ന നിർദേശവും അദ്ദേഹം നൽകിയതായി വിവരമുണ്ട്.











