കണ്ണൂര്‍ : പഴയങ്ങാടി മാട്ടൂല്‍ സൗത്ത് പുലിമുട്ടിനു സമീപത്തായി പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം വളപട്ടണം പുഴയില്‍ ചാടിയ കാസര്‍കോട് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശി രാജേഷിന്റെ മൃതദേഹമാണിതെന്നാണു പ്രാഥമിക നിഗമനം. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രാജേഷിന്റെ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വളപട്ടണം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. യുവാവും ഒപ്പം ചാടിയെന്നാണ് യുവതി പറഞ്ഞത്. നീന്തല്‍ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റര്‍ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യുവതി പറഞ്ഞതനുസരിച്ച്, ഒപ്പം ചാടിയ യുവാവ് പെരിയാട്ടടുക്കം സ്വദേശി രാജേഷാണെന്നു മനസ്സിലാക്കുകയും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല.






