തൃശ്ശൂർ: ഫ്‌ലാറ്റിനുള്ളിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. ചാത്തേടത്തുപറമ്പിൽ താമസിച്ചിരുന്ന അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് ഭ്രൂണം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തിയതിന് പിന്നാലെ വൈകുന്നേരം നാല് മണിയോടെയാണ് ഭ്രൂണം പുറത്തെടുത്തത്. ഏകദേശം മൂന്ന് മാസം പ്രായമുള്ള ഭ്രൂണമാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദനയെ തുടർന്ന് ഫ്‌ലാറ്റിലെ ശൗചാലയത്തിൽവെച്ചാണ് ഭ്രൂണം പുറത്തുവന്നതെന്ന് അപർണ പൊലീസിന് മൊഴി നൽകി. നഴ്‌സിംഗ് വിദ്യാർത്ഥിനിയായതിനാൽ പ്രസവശേഷം എന്ത് ചെയ്യണമെന്ന് അറിയാമായിരുന്നുവെന്നും അവൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.






