കൊല്ലം: കല്ലടയാറ്റിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. പുനലൂർ ശിവൻകോവിൽ പരിസരത്താണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
പുഴയിൽ മൃതദേഹം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുനലൂർ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹത്തെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും, ഏതെങ്കിലും വിവരം ലഭിക്കുന്നവർ പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.




