ചെന്നൈ: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ബംഗാളില്‍ ആദ്യ നാലു മണിക്കൂറില്‍ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ 3 മണി വരെ 70 ശതമാനം പേരാണ് വോട്ടു ചെയ്തത്. തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുന്‍മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, നടനും ടിവികെ നേതാവുമായ വിജയ് തുടങ്ങിയവര്‍ക്കൊപ്പം സിനിമാതാരങ്ങളായ കമല്‍ഹാസന്‍ എംപി, രജനീകാന്ത്, അജിത്, സൂര്യ, വിക്രം, ഖുഷ്ബു, ശിവകാര്‍ത്തികേയന്‍, ധനുഷ്, ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ബംഗാളില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂര്‍ഷിദാബാദ് ജില്ലയിലെ നൗഡയില്‍ ബോംബേറുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസിന് നേരേയും ആക്രമണമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.




