കണ്ണൂർ: ചെറുവാഞ്ചേരിയിൽ പോലീസുകാരന്റെ വീട്ടിലേക്കു ബോംബ് എറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. കോളയാട് സ്വദേശി രാഹുൽ, മുഴക്കുന്ന് സ്വദേശി ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനെയാണ് ബോംബ് എറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തി മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ ഇവർ എത്തിയതായും നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






