മുംബൈ: 90 വയസ്സുള്ള ഒരു വൃദ്ധയുടെ മാനനഷ്ടക്കേസ് പരിഗണിക്കാൻ ഇനി 20 വർഷം കൂടി കാത്തിരിക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച്, തരിണിബെനും ധ്വനി ദേശായിയും ചേർന്ന് നൽകിയ കേസ് 2046ന് ശേഷം മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കി. നിയമപരമായ തർക്കത്തേക്കാൾ ഇത് ‘അഹന്തയുടെ പോരാട്ടം’ ആണെന്നുമാണ് കോടതിയുടെ നിരീക്ഷണം.
കേസിന്റെ സ്വഭാവം നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നതാണെന്ന് കോടതി ശക്തമായി വിമർശിച്ചു. കക്ഷികൾ തമ്മിലുള്ള വാശി മൂലം പ്രധാനപ്പെട്ട മറ്റ് കേസുകൾക്ക് വേണ്ട സമയവും ശ്രദ്ധയും ലഭിക്കുന്നില്ലെന്നും, അനാവശ്യമായ ഇത്തരം തർക്കങ്ങൾ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണെന്നും ജസ്റ്റിസ് ജെയിൻ ചൂണ്ടിക്കാട്ടി.
2017ലാണ് തരിണിബെനും ധ്വനി ദേശായിയും ഉൾപ്പെടെയുള്ളവർ കിൽകിൽരാജ് ഭൻസാലിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 2015ൽ ശ്യാം കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ വാർഷിക യോഗത്തിനിടെ ഉണ്ടായ സംഭവങ്ങളാണ് കേസിന് ആധാരം. ഇതിലൂടെ തങ്ങൾക്ക് മാനസിക പീഡനവും നഷ്ടവും ഉണ്ടായതായി ആരോപിച്ച് 20 കോടി രൂപ നഷ്ടപരിഹാരം ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ മാപ്പ് പറഞ്ഞ് തീർക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും പരാതിക്കാർ അത് നിരസിച്ചു. ‘സൂപ്പർ സീനിയർ സിറ്റിസൺ’ എന്ന നിലയിൽ മാത്രം കേസ് മുൻഗണനയ്ക്ക് അർഹമല്ലെന്നും കോടതി വ്യക്തമാക്കി. അടുത്ത 20 വർഷത്തേക്ക് കേസ് പരിഗണിക്കില്ലെന്നും, 2046ന് ശേഷമുള്ള തീയതിയിലേക്ക് മാറ്റണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.
2019ൽ സാക്ഷികളുടെ പട്ടികയും രേഖകളും സമർപ്പിക്കാൻ അവസരം നൽകിയിട്ടും പുരോഗതി ഉണ്ടായില്ല. കഴിഞ്ഞ വർഷം അഭിഭാഷകൻ ഹാജരാകാത്ത പക്ഷം കേസ് തള്ളുമെന്ന് മറ്റൊരു ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.






