പാലക്കാട് : ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളില്‍ കടുവയും പുലിയും ഇണചേരുന്ന കാലമായതിനാൽ ഇവ നാട്ടിലിറങ്ങാൻ സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്.
ഈ മാസങ്ങളിൽ ആൺമൃഗങ്ങൾ ഇണയെ തേടി അവയുടെ അധികാര പരിധിവിട്ടു പുറത്തുകടക്കും. ജനവാസ മേഖലയിൽ വരെ എത്താം. ഇണയ്ക്കുവേണ്ടി മറ്റ് ആൺമൃഗങ്ങളുമായി ഏറ്റുമുട്ടുന്നതും പതിവാണ്. പരുക്കേറ്റ്, പരാജയപ്പെടുന്ന മൃഗം അവരുടെ അധികാര പരിധിയിൽ നിന്നു പുറത്താക്കപ്പെടും. ഇവ കന്നുകാലികളും നായ്ക്കളും ഉൾപ്പെടെ ദുർബലരായ ഇരകളുള്ള ജനവാസമേഖലയോടു ചേർന്നുള്ള ചെറിയ കാടുകളിൽ താമസമാക്കും. ആയാസമില്ലാതെ ഇരപിടിക്കാൻ വേണ്ടിയാണിത്.
സാധാരണ ഒറ്റയ്ക്കു കഴിയാൻ ആഗ്രഹിക്കുന്ന മൃഗമാണു കടുവ. പക്ഷേ, ഇണചേരൽ കാലത്ത് ആൺകടുവയും പെൺകടുവയും ഏതാനും ദിവസം ഒരുമിച്ചു താമസിക്കും. മരങ്ങളിൽ നഖംകൊണ്ടു പോറിയും മൂത്രമൊഴിച്ചുമാണു കടുവയും പുലിയും അവയുടെ അധികാരപരിധി അടയാളപ്പെടുത്തുക. അധികാര പരിധി വർധിപ്പിക്കാൻ ശ്രമിക്കുന്ന കാലം കൂടിയാണിത്.
പെൺകടുവയും പെൺപുലിയും ഇണചേരാൻ തയാറാണെന്നു കാണിക്കാൻ അവയുടെ അതിർത്തികളിൽ മൂത്രമൊഴിച്ചു വയ്ക്കാറുണ്ട്. ഇതിന്റെ മണം കിട്ടി ആൺമൃഗം അവിടെയെത്തും. വലിയ ശബ്ദങ്ങളുണ്ടാക്കിയും പെൺമൃഗങ്ങൾ ഇണയെ ആകർഷിക്കാറുണ്ട്. കുഞ്ഞുങ്ങളെ അമ്മമൃഗം ഇരപിടിക്കാൻ പഠിപ്പിക്കുന്ന കാലവും ഇതാണ്. കുഞ്ഞുങ്ങളെ ആൺകടുവയും പുലിയും കൊന്നുതിന്നാൻ സാധ്യതയുള്ളതിനാൽ കുഞ്ഞുങ്ങളുമായി അമ്മമൃഗം കാടിനുപുറത്തേക്കു കടക്കാറുണ്ട്. മാർച്ച് മാസത്തോടെ ഇണചേരൽ കാലവും ‘ഇരപിടിക്കൽ പഠനകാലവും’ അവസാനിക്കും






