തലശ്ശേരി: സർക്കാരിന് നികുതിയിനത്തിൽ ലഭിക്കേണ്ട 6.08 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ വില്ലേജ് ഓഫീസർക്ക് കഠിനതടവ്. തലശ്ശേരി നിട്ടൂർ ശങ്കർനിവാസിൽ എം.പി.അനിൽകുമാറി(55)നെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. ഒരു കേസിൽ വിവിധ വകുപ്പുകളിൽ 24 വർഷം കഠിനതടവിനും എട്ടുലക്ഷം രൂപ പിഴയടയ്ക്കാനും രണ്ടാമത്തെ കേസിൽ വിവിധ വകുപ്പുകളിൽ 10 വർഷം കഠിനതടവിനും 1.8 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് ജഡ്ജി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ട് കേസുകളിൽ 34 വർഷം കഠിനതടവും 9.8 ലക്ഷം രൂപ പിഴയും അടയ്ക്കണം. ആദ്യത്തെ കേസിൽ പിഴയടച്ചില്ലെങ്കിൽ നാലുവർഷവും രണ്ടാമത്തെ കേസിൽ പിഴയടച്ചില്ലെങ്കിൽ 18 മാസവും തടവനുഭവിക്കണം.
കണ്ണൂർ ഒന്ന്, രണ്ട് വില്ലേജ് ഓഫീസുകളിൽ വില്ലേജ് ഓഫീസറായിരിക്കെ രജിസ്റ്ററിൽ കൃത്രിമം കാണിച്ചും തെറ്റായ വിവരം ചേർത്തും വ്യാജരേഖ ചമച്ചും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2005-2007 കാലയളവിലായിരുന്നു സംഭവം.
പന്തീരങ്കാവ് വില്ലേജ് ഓഫീസറായിരിക്കെ ഭൂമി തരംമാറ്റി നൽകുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ അനിൽകുമാറിനെ കഴിഞ്ഞവർഷം വിജിലൻസ് പിടികൂടി. ഇതിനെത്തുടർന്ന് അനിൽകുമാർ സസ്പെൻഷനിലാണ്. ശിക്ഷിച്ച പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.ഉഷാകുമാരി, പി.ജിതിൻ എന്നിവർ ഹാജരായി. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി എം.ദാമോദരൻ രജിസ്റ്റർചെയ്ത കേസിൽ ഡിവൈഎസ്‌പി കെ.സുനിൽബാബുവാണ് കുറ്റപത്രം നൽകിയത്.










