വാഷിങ്ടൻ: ന്യൂഡൽഹിയിൽ ഇന്ന് സമാപിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടി ആഗോള സാമ്പത്തിക, രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരടക്കമുള്ള പ്രമുഖ ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഉച്ചകോടിയിൽ, ആഗോള വ്യാപാരത്തിൽ ഡോളറിന്റെ സമ്പൂർണ ആധിപത്യം കുറയ്ക്കുക എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.
ഒരു ഏകീകൃത കറൻസി എന്നതിലുപരി അംഗരാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ സ്വന്തം കറൻസികളിലേക്ക് മാറ്റാനും, പാശ്ചാത്യ രാജ്യങ്ങൾ നിയന്ത്രിക്കുന്ന സ്വിഫ്റ്റ് (SWIFT) ശൃംഖലയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ‘ബ്രിക്സ് പേ’ പോലുള്ള ഡിജിറ്റൽ സങ്കേതങ്ങൾ ശക്തിപ്പെടുത്താനുമാണ് ഡൽഹി പ്രഖ്യാപനം പ്രാമുഖ്യം നൽകിയത്.
ബ്രിക്സിന്റെ ഈ സാമ്പത്തിക നീക്കങ്ങൾ ഉറക്കം കളയുന്നത് മറ്റാരുടേയുമല്ല, അമേരിക്കയുടേതാണ്. മുൻപും സമാന വിഷയങ്ങളിൽ കടുത്ത നിലപാടെടുത്തിട്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ നീക്കങ്ങളെ നിസ്സാരമായി കാണുന്നില്ല. ഡോളറിനെതിരെയുള്ള ഏത് കൂട്ടായ്മയ്ക്കും ശക്തമായ തിരിച്ചടി നൽകുമെന്നും, ഡോളറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ വിപണിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് മേൽ കടുത്ത സമ്മർദം ചെലുത്തുകയാണ് ലക്ഷ്യം.
അതേസമയം, ഡൽഹി ഉച്ചകോടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാന ബന്ധത്തെ ബാധിക്കില്ലെന്നാണ് രാജ്യാന്തര നിരീക്ഷകരുടെ വിലയിരുത്തൽ.


