തൃശ്ശൂർ: അന്തിക്കാട് റോഡിൽ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞാണി ഭവൻസ് സ്കൂൾ പരിസരത്തെ അയ്യാണ്ടി വീട്ടിൽ ബിജുവിന്റെയും സുമയുടെയും മകൻ ഗൗതം (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22) ചികിത്സയിലാണ്. ഗൗതം ജോലി ചെയ്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അതുൽ. അതുലിന്റെ ബൈക്കിൽ ഗൗതം വീട്ടിൽനിന്ന് കാഞ്ഞാണിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്ക് വീണപ്പോൾ ഗൗതത്തിന്റെ തല മതിലിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഗൗതത്തെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അതുലിനെ കാഞ്ഞാണി ആക്ട്സ് പ്രവർത്തകർ ചേർന്നാണ് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചത്.


