കോഴിക്കോട്: തെരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ടെങ്കിലും സിപിഎമ്മിന് ഉജ്ജ്വലമായ ചരിത്രമുണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. തിരിച്ചടിക്ക് കാരണമായ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചേർന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.
‘നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്’ എന്ന കടമ്മനിട്ട രാമകൃഷ്ണന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു എം എ ബേബിയുടെ പ്രതികരണം. തെറ്റുകൾ പറ്റാത്തവരല്ലെന്നും എന്നാൽ സംഭവിച്ച തെറ്റുകൾ തുറന്ന് പറയുകയും തിരുത്തുകയും ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനെതിരായ പ്രചാരണം ചരിത്രം ഓർമയില്ലാത്ത തരത്തിലുള്ളതാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയവും അതിന്റെ കാരണങ്ങളും പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. വ്യാജ നിർമ്മിതികൾ സിപിഎമ്മിന് തിരിച്ചടിയായിട്ടുണ്ടെന്നും അവ തിരിച്ചറിയുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാജനിർമിതി വിമോചന സമരമാണെന്നും അതിന്റെ പ്രചാരണം ഇപ്പോഴും തുടരുകയാണെന്നും എം എ ബേബി ആരോപിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല വീഴ്ച സംഭവിച്ചതെന്നും ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരുന്നതിൽ സിപിഎം വിജയിച്ചില്ലെന്നും മുതിർന്ന നേതാവ് തോമസ് ഐസക് പറഞ്ഞു. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിയെ ശക്തിപ്പെടുത്തി 2029ൽ എൽഡിഎഫ് അധികാരത്തിലെത്തുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും തോമസ് ഐസക് പറഞ്ഞു.
തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങളും മികച്ച ഭരണത്തിന് ശേഷവും ജനങ്ങൾ എന്തുകൊണ്ട് എതിരായെന്നും കഴിഞ്ഞ മൂന്ന് മാസമായി പാർട്ടിയുടെ വിവിധ തലങ്ങളിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അടിത്തട്ട് വരെയും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ, ഭരണ, സംഘടനാ മേഖലകളിലെ വീഴ്ചകൾ ഇതിനകം തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അവ ആവർത്തിക്കാതിരിക്കാനും ദൗർബല്യങ്ങൾ മറികടക്കുന്നതിനുള്ള പ്രവർത്തന പരിപാടിക്ക് രൂപം നൽകാനുമാണ് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.


