ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന്റെ സ്ഥാനത്തെച്ചൊല്ലി ചോദ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്. മികച്ച ഫോമിലുള്ള അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ടീമിലുള്ള സാഹചര്യത്തിൽ സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ എവിടെ ഉൾപ്പെടുത്തുമെന്നാണ് കാർത്തിക്കിന്റെ ചോദ്യം.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കാർത്തിക് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ എങ്ങനെയായിരിക്കും, വൈഭവ് സൂര്യവംശിയുടെ സ്ഥാനം എവിടെയായിരിക്കും, സഞ്ജു സാംസണിനെ എങ്ങനെയാണ് ടീമിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നുമാണ് കാർത്തിക് ചോദിച്ചത്.
ടി20 ലോകകപ്പിൽ ടീമിന്റെ നിർണായക താരമായിരുന്ന സഞ്ജുവിനെ ഇംഗ്ലണ്ട് പരമ്പരയുടെ പകുതിയിൽ ഒഴിവാക്കിയിരുന്നുവെന്നും നിലവിൽ ടീമിൽ താരത്തിന്റെ സ്ഥാനമെന്താണെന്നും കാർത്തിക് ചോദിച്ചു.
കഴിഞ്ഞ നാല് ടി20 മത്സരങ്ങളിൽ നിന്ന് സഞ്ജുവിന് ആകെ 33 റൺസ് മാത്രമാണ് നേടാനായത്. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സിംബാബ്വെ പരമ്പരയിൽ താരത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ സഞ്ജു ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ പരമ്പര ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും കാർത്തിക് പറഞ്ഞു. പുതിയ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് ടീമിലുള്ളത്. അയർലൻഡിലും ഇംഗ്ലണ്ടിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ടീമിന്റെ കൃത്യമായ ശൈലിയും പദ്ധതികളും ഈ പരമ്പരയിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെറും പരമ്പര വിജയം ലക്ഷ്യമാക്കുന്നതിന് പകരം ബാറ്റിംഗ് ഓർഡറും ബൗളിംഗ് നിരയും വ്യക്തമായി തീരുമാനിക്കാൻ മത്സരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കാർത്തിക് അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരം നടക്കുന്നത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ സംഘം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.




