കൊച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നുള്ള സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ സഹോദരന്മാരായ രണ്ട് പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി മാങ്കാമഠം ലെയിൻ തറേപ്പറമ്പിൽ ആൽഫിൻ ആന്റണി , സഹോദരൻ റെൻഫിൻ ആന്റണി എന്നിവരാണ് പിടിയിലായത്.
പള്ളുരുത്തി സ്വദേശിയായ 16 വയസ്സുകാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്നും മാതാപിതാക്കളെ വിവരം അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
ഇതിന്റെ ഭാഗമായി വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരാൻ ആവശ്യപ്പെട്ടതോടെ വിദ്യാർത്ഥി അമ്മയുടെ ഒന്നര പവന്റെ പാദസരം എടുത്ത് പ്രതികൾക്ക് കൈമാറി. പിന്നീട് വിദ്യാർത്ഥി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.
തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികളെയും ഇതേ രീതിയിൽ വലയിലാക്കിയിട്ടുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ലത്തീഫിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. പള്ളുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശിവൻകുട്ടി, അശ്വിൻ ബിജു, നാരായണൻകുട്ടി, എ.എസ്.ഐ ബിജു, സി.പി.ഒമാരായ ബിബിൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






