തിരുവനന്തപുരം: ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് വീടിനോടു ചേർന്ന പുരയിടത്തിൽ മൃതദേഹം അയൽവാസികൾ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ശോഭനയുടെ ഭർത്താവ് സുധാകരൻ കൂലിപ്പണിക്കാരനാണ്. ഇവർക്കു രണ്ട് മക്കളുണ്ട്. സംഭവത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ജീവനൊടുക്കാൻ കാരണമാകുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ശോഭനയ്ക്കുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






