തൃശ്ശൂർ: ചാലക്കുടി മോദി ജാഡ കൊണ്ടു ബിജെപിക്കു കേരളത്തിൽ വിജയിക്കാനാകില്ലെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഫ് വികസന മുന്നേറ്റ ജാഥയുടെ ജില്ലാ പര്യടന സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു യാത്രാ നായകനായ അദ്ദേഹം.
ഗാന്ധിജി പറഞ്ഞ സ്വരാജ് കോൺഗ്രസ് പറഞ്ഞ സ്വരാജ് അല്ല. സ്വരാജ് എന്നാൽ എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവുമാണ്. ആ ഗാന്ധിജിയേയോ ഗാന്ധിയുടെ കാഴ്‌ചപ്പാടോ ഇതു പുത്തൻ കോൺഗ്രസുകാർക്കോ യുഡിഎഫ് നേതാക്കൾക്കോ അറിയില്ല.
അതറിയാവുന്നത് ഇടതുപക്ഷത്തിനാണ്. ആ ദിനങ്ങളിൽ ദേശീയപ്രസ്‌ഥാനം പറഞ്ഞ മഹത്തായ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ് ഇടതുപക്ഷത്തിൻ്റെ യാത്ര. കേരളത്തിൽ ഇടതു സർക്കാരിൻ്റെ മൂന്നാം ഊഴം തടയാൻ ആർക്കും കഴിയില്ല. ഇതു വീടു നൽകിയ സർക്കാരാണ്. ഭക്ഷണവും വിദ്യാഭ്യാസവും നൽകിയ സർക്കാരാണ്.
ഇടതുപക്ഷമെന്നത് കേരളത്തിൻ്റെ സർവപക്ഷമാണെന്ന് ജാഥാ മാനേജർ എം. സ്വരാജ് പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി സി.വി.ജോഫി അധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ സി.എസ്.സുജാത, പി.വസന്തം, വി.ടി.ജോസഫ്, കെ.വി. ബാലസുബ്രഹ്‌മണ്യം, പി.കെ.രാജൻ, യൂജിൻ മോറേലി, പി.കെ.രാജൻ, ഉഴമലക്കൽ വേണുഗോപാൽ, എ.ഷാജു, ജോർജ് അഗസ്‌റ്റിൻ, സി.പി. അൻവർ സാദത്ത്, ജോണി ചെറുവുപറമ്പിൽ, സിപിഐ ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ,
സിപിഎം സംസ്‌ഥാന കൗൺസിൽ അംഗം എം.എം.വർഗീസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്‌ദുൽ ഖാദർ, സിപിഐ സംസ്‌ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.കെ.വത്സരാജ്, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഉണ്ണിക്കൃഷ്‌ണൻ ഈച്ചരത്ത്, ആർജെഡിജില്ലാ പ്രസിഡൻ്റ് ജെയ്‌സൺ മാണി, സിപിഎം ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ എന്നിവർ പ്രസംഗിച്ചു.




