റാന്നി: പത്തനംതിട്ട റാന്നിക്ക് സമീപം തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്. തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിൽ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാകർ സഞ്ചരിച്ചിരുന്ന ബസാണ് തുലാപ്പള്ളി ഇറക്കത്ത് നിയന്ത്രണം വിട്ടത്. തുടർന്ന് ബസ് രണ്ട് കാറുകളിലും ഒരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെല്ലാം ശബരിമല തീർഥാടകരാണ് സഞ്ചരിച്ചിരുന്നത്.
ഇതിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ എരുമേലിയിലെ ആശുപത്രിയിലേക്കും നിസാര പരുക്കേറ്റവരെ നിലയ്ക്കലിലെ ആശുപത്രിയിലേക്കും മാറ്റി. അതേസമയം നിരോധനം മറികടന്നാണ് തുലാപ്പള്ളി – ശബരിമല പഴയ റോഡിലൂടെ തീർഥാടക വാഹനങ്ങൾ വിടുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. പുതിയ റോഡിലൂടെയാണ് തീർഥാടക വാഹനങ്ങൾ കടത്തിവിടേണ്ടതെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.






