പാലക്കാട്: വടക്കഞ്ചേരി ടൗണിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും ട്രാഫിക് നിയമലംഘനങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പി. പി. സുമോദ് എംഎൽഎ. ഇതുസംബന്ധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
യോഗത്തിലെ തീരുമാനപ്രകാരം പാലക്കാട് ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും രാവിലെ 8 മണിവരെ മാത്രമേ ടൗണിൽ പ്രവേശിക്കാൻ അനുവദിക്കൂ. 8 മണിക്ക് ശേഷം ബസുകൾ നിലവിലുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ചെറുപുഷ്പം ബസ് സ്റ്റോപ്പിൽ നിന്ന് റോയൽ ജംഗ്ഷൻ വഴി തങ്കം ജംഗ്ഷൻ എത്തി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച്, തിരികെ തങ്കം ജംഗ്ഷൻ വഴിയായി തൃശ്ശൂരിലേക്ക് പോകണം.
ഈ ക്രമീകരണം ലംഘിക്കുന്ന ബസ് ഉടമകൾക്കെതിരെ ഫൈൻ ഈടാക്കുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വടക്കഞ്ചേരി പോലീസ് യോഗത്തിൽ അറിയിച്ചു.
കണ്ണമ്പ്ര–പുതുക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും റസ്റ്റ് ഹൗസിന് മുൻവശത്ത് യാത്രക്കാരെ കയറ്റി നിർത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ, ഡിസംബർ 26 മുതൽ അവിടെ ബസ് സ്റ്റോപ്പ് അനുവദിക്കില്ല എന്നും പോലീസ് അറിയിച്ചു. റസ്റ്റ് ഹൗസ് ജംഗ്ഷനിൽ അപകട സാധ്യത വർധിച്ചതാണ് ഈ തീരുമാനത്തിന് കാരണമെന്ന് വ്യക്തമാക്കി.
അതേസമയം, ദേശീയപാതയിലെ ഇരട്ടക്കുളം ജംഗ്ഷനിൽ സീബ്രാ ലൈനിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത് മൂലം വിദ്യാർത്ഥികൾക്കും കാൽനട യാത്രക്കാർക്കും റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കും എന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വടക്കഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പി. പി. സുമോദ് എംഎൽഎ പറഞ്ഞു.
യോഗത്തിൽ വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനീഷ്, ആലത്തൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസിലെ എ.എം.വി.ഐ ജിജോ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി, കെഎസ്ആർടിസി വടക്കഞ്ചേരി ഇൻസ്പെക്ടർ ഇൻ ചാർജ് ഷമ്മി ഗഫൂർ എന്നിവരും പങ്കെടുത്തു.






