തിരുവനന്തപുരം: വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ യുഡിഎഫിനായി ഇന്ന് മുതൽ താൻ പ്രചാരണത്തിനിറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അറിയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് സ്ഥാനാർത്ഥി നിർണ്ണയം അല്പം നീണ്ടുപോകാൻ കാരണമായത്. എന്നാൽ മുൻകാലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം യുഡിഎഫ് പട്ടിക പുറത്തിറക്കിയിട്ടുണ്ടെന്നും, അപ്പോഴെല്ലാം യുഡിഎഫ് വൻ വിജയം നേടിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ താനില്ലെന്നും മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ലക്ഷ്യമെന്നും മുരളീധരൻ വ്യക്തമാക്കി. കോർപ്പറേഷൻ മേയർ സ്ഥാനം ഉപേക്ഷിച്ച് എംഎൽഎ ആകാൻ പോയ ആളാണ് വി.കെ. പ്രശാന്തെന്നും, സിപിഎം നേതാവ് എ.എം. ആരിഫ് ഉൾപ്പെടെയുള്ളവർ എംഎൽഎ സ്ഥാനം ഉപേക്ഷിച്ചാണ് പാർലമെന്റിലേക്ക് മത്സരിച്ചതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയപരമായ പോരാട്ടമാണ് വേണ്ടതെന്ന നിലപാടിലുറച്ച്, ഇന്ന് മുതൽ മുരളീധരൻ മണ്ഡലത്തിൽ സജീവ പ്രചാരണത്തിന് തുടക്കം കുറിക്കും.






