കോഴിക്കോട് : ഗൃഹസന്ദർശനത്തിനിടെ വീടിന്റെ ചവിട്ടുപടിയിൽ നിന്ന് വഴുതി വീണ് സ്ഥാനാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കോർപ്പറേഷനിലെ 32-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുബിജ പ്രമോദിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ പൂവങ്ങലിലാണ് സംഭവം. വോട്ടഭ്യർത്ഥിച്ച ശേഷം വീട്ടിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി തല തൊട്ടടുത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു.
വീണയുടനെ ബോധം നഷ്ടപ്പെട്ടതിനാൽ ഉടനെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിൽ തൊണ്ടയാടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്കാനിങിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താനായില്ല. കാൽമുട്ടിന് ചെറിയ മുറിവുണ്ട്. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.






