മലപ്പുറം: ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പന നടത്തുന്ന പ്രതി മലപ്പുറത്ത് പിടിയിൽ. 1.3 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പെരിന്തല്‍മണ്ണയില്‍ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശി നൂറുല്‍ ഇസ്ലാമാണ് (35) അറസ്റ്റിലായത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ അമ്മിനിക്കാട് കുഞ്ഞാലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പനക്ക് എത്തിയതായിരുന്നു പ്രതി. ചുമലില്‍ തൂക്കിയിട്ടിരുന്ന ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും എക്സൈസ് വിവരിച്ചു.
ഇയാള്‍ക്ക് മറ്റ് മൂന്നിടങ്ങളില്‍ കഞ്ചാവ് കേസുകളുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. പെട്രോളിങ്ങിനിടെ അസ്വാഭാവിക പെരുമാറ്റം കാരണം പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളക്കച്ചവടം പിടിയിലായത്. പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടൂകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസർ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ യു കുഞ്ഞാലന്‍കുട്ടി, കെ രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് റിയാസ്, സജില്‍കൃഷ്ണ, ശരത്, കെ പുഷ്പരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.






