തൃശ്ശൂർ: കുന്നംകുളം– പട്ടാമ്പി റോഡിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ ഓടിക്കൊണ്ടിരുന്ന ബി എം ഡബ്ല്യൂ കാറിന് തീപിടിച്ചു. പട്ടാമ്പി റോഡ് കയറ്റത്തിലെ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ അടിഭാഗത്ത് നിന്ന് പെട്ടെന്ന് സ്പാർക്ക് ഉയരുകയും തുടർന്ന് തീ പടരുകയുമായിരുന്നു.തീ കണ്ടതോടെ കാറിലുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായില്ല.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം സമയബന്ധിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. എന്നാൽ വാഹനം പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് കുറച്ചുനേരം പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കാൻ അന്വേഷണം തുടരുകയാണ്.






