കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ രാഷ്ട്രീയ അക്രമങ്ങൾ ശക്തമാകുന്നു. മാതമംഗലം പേരൂലിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തയാളുടെ കാർ അക്രമികൾ കത്തിച്ചു. കാങ്കോൽ കരിങ്കുഴിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡും തീവെച്ച് നശിപ്പിച്ചു. മയ്യിലിൽ മുസ്‌ലിം ലീഗ് ഓഫീസ് തകർക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പ്രദേശത്ത് അക്രമസംഭവങ്ങൾ തുടരുകയാണ്. നേരത്തേ സിപിഎം രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തെളിവുകൾ പുറത്തുവിട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ടി. പുരുഷോത്തമന്റെ വീട്ടിൽ ആക്രമണം നടന്നിരുന്നു. ജനൽചില്ലുകൾ തകർത്തതിന് പിന്നാലെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിക്കുകയുമായിരുന്നു.
ഇന്നലെ വീണ്ടും സമാന രീതിയിൽ സർക്കാർ ജീവനക്കാരന്റെ കാർ കത്തിച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. കൂടാതെ കാങ്കോലിൽ വി. കുഞ്ഞികൃഷ്ണന്റെ സ്ഥലത്തെ മതിൽ തകർത്തും ഷെഡിന് തീ വെച്ചും അക്രമം തുടരുകയാണ്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് പയ്യന്നൂരിൽ സമാധാനയോഗം വിളിച്ചു. എഡിഎമ്മിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം പയ്യന്നൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വൈകീട്ട് നടക്കും.




