കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഴീക്കോട് മണ്ഡലത്തിൽ അനുമതിയില്ലാതെ ഓപ്പൺ വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് പഞ്ചായത്ത് അംഗമായ സി. ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
വോട്ടെടുപ്പ് നടപടികളിൽ ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൽ കരീം നൽകിയ പരാതിയിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൃത്യമായ അനുമതിയില്ലാതെ വോട്ടറുടെ ഓപ്പൺ വോട്ട് രേഖപ്പെടുത്തുകയും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ മറികടന്ന് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വളപട്ടണം പോലീസ് അറിയിച്ചു.




