മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് 20 സീറ്റുകൾ ഉറപ്പെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി. അനുകൂല തരംഗമുണ്ടെങ്കിൽ 22 സീറ്റുകൾ വരെ നേടാനാകുമെന്ന ആത്മവിശ്വാസവും ലീഗ് പ്രകടിപ്പിക്കുന്നു.
മലപ്പുറം, കാസർഗോഡ് ജില്ലകളിൽ മത്സരിച്ച മുഴുവൻ മണ്ഡലങ്ങളിലും വിജയം നേടുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. അഴീക്കോട്, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കുന്ദമംഗലം, താനൂർ, കളമശ്ശേരി, കുറ്റ്യാടി എന്നിവ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ തിരിച്ചുപിടിക്കാമെന്നും നേതൃത്വം പറയുന്നു.
മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകൻ മത്സരിക്കുന്ന കളമശ്ശേരിയിലും വിജയം ഉറപ്പാണെന്ന വിലയിരുത്തൽ പ്രചാരണഘട്ടത്തിൽ തന്നെ ഉണ്ടായിരുന്നുവെന്ന് ലീഗ് വ്യക്തമാക്കി.
അതേസമയം കടുത്ത മത്സരം നടന്ന പേരാമ്പ്ര, ഗുരുവായൂർ മണ്ഡലങ്ങളിലാണ് വിജയസാധ്യതയിൽ ആശങ്ക നിലനിൽക്കുന്നത്. ചേലക്കരയിലും പുനലൂരിലും അട്ടിമറി സാധ്യതയില്ലെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു.




