ഡൽഹി: ബിഹാറിലെ ബെഗുസരായിൽ ഹോട്ടൽ മുറിയിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ പ്രതിയായ രോഹിത് കുമാറിനെയാണ് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടിയത്. സെപ്റ്റംബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഹോട്ടലിലെത്തിച്ച അയൽവാസിയായ സാഹ്നിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അയൽവാസിയായ സാഹ്നി സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളിൽ നിന്ന് വായ്പാ തിരിച്ചടവ് തുക ശേഖരിക്കുന്നതിനിടെയാണ് യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് സാഹ്നി യുവതിയെ സിനിമാ തിയേറ്ററിലെത്തിക്കുകയും പിന്നീട് മറ്റൊരു പ്രതിയായ രോഹിത് കുമാറിന്റെ അടുത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. സംസാരിക്കാനെന്ന വ്യാജേന സമീപത്തെ ഹോട്ടലിലെത്തിച്ച യുവതിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടെ യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അതേസമയം, യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിനിടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. പ്രധാന പ്രതിയായ രോഹിത് കുമാർ രാവിലെ 7.01ന് ഹോട്ടൽ ബ്ലൂ ഡയമണ്ടിലെ 203-ാം നമ്പർ മുറിയിലേക്ക് ഒറ്റയ്ക്ക് പ്രവേശിച്ചതായും 7.33ന് പരാതിക്കാരി ഹോട്ടലിലെത്തിയതായും ദൃശ്യങ്ങളിൽ വ്യക്തമായതായി പൊലീസ് പറയുന്നു.
യുവതി ഒറ്റയ്ക്കാണ് ഹോട്ടലിൽ പ്രവേശിച്ചതെന്നും രണ്ടാം നിലയിൽ വെച്ച് രോഹിത് കുമാറിനെ കണ്ടുമുട്ടിയെന്നും പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.33ന് രോഹിത് കുമാറും യുവതിയും മുറിയിൽനിന്ന് പുറത്തിറങ്ങി ഹോട്ടൽ വിട്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




