കൊച്ചി: ഒൻപത് മാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), മീങ്കുന്നം കരയിൽ ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.
മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 27-ാം തീയതി രാത്രി ഏകദേശം 10.30ഓടെയാണ് സംഭവം നടന്നത്. പ്രതികൾക്ക് യുവതിയുടെ ഭർത്താവിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്.
മീങ്കുന്നം പ്രദേശത്തെ വീട്ടിന് സമീപം പ്രതികൾ ഭർത്താവിനെ ഉപദ്രവിക്കുന്നതു കണ്ടപ്പോൾ തടയാൻ ശ്രമിച്ച ഗർഭിണിയായ യുവതിയെ സംഘം ആക്രമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എൻ.എസ്. റോയ്, ശ്രീനാഥ് എസ്, വി.സി. സജി, ഷിബു മാത്യു എന്നിവരും സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.




